ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
കാട് ഞങ്ങളുടെ വീട്
മണിമലക്കാട്ടിലെ വിശേഷങ്ങളിലൂടെയാണ് ഇനി നമ്മൾ കടന്നു പോവുന്നത്.
പുഴയും മലയും മരങ്ങളും ചെടികളും പൂക്കളുമൊക്കെയുള്ള സുന്ദരമായൊരു കാടാണത്. പക്ഷികളും മൃഗങ്ങളുമെല്ലാം ഒത്തൊരുമയോടെ കഴിഞ്ഞു കൂടുന്നു.
പക്ഷെ കാട് വലിയൊരു ഭീഷണിയിലാണ് ഇപ്പോൾ. കാടു നശിപ്പിക്കാൻ കൊള്ളക്കാരും മൃഗങ്ങളെ പിടിക്കാൻ സർക്കസുകാരും അവിടേക്കു വരുന്നുണ്ട്.
ഒരൊറ്റ മനുഷ്യരേയും കാട്ടിലേക്കു കയറ്റരുതെന്നും കാടിൻ്റെ അതിർത്തികളിലെല്ലാം കാവൽക്കാരെ നിയോഗിക്കുവാനും സിംഹരാജൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കുറയ്ക്കാൻ പഠിക്കാം
കുരങ്ങൻ കാവൽക്കാരാവാൻ തയ്യാറായവരുടെ പട്ടിക തയ്യാറാക്കി.
പുലി 26
സിംഹം 30
കടുവ 25
ആന 42
കഴുകൻ 52
പരുന്ത് 41
സിംഹരാജൻ ആ പട്ടികയിൽ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്തു.
പുലി 17
സിംഹം 18
കടുവ 16
ആന 34
കഴുകൻ 33
പരുന്ത് 32
എല്ലാവരെയും തിരഞ്ഞെടുത്തിട്ടില്ല എന്ന് ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും.
ചോദ്യം 1
26 പുലികളിൽ നിന്ന് 17 പേരെയാണ് കാവൽക്കാരായി തിരഞ്ഞെടുത്തത്. ബാക്കിയുള്ള പുലികൾ എത്ര?
ഉത്തരം കണ്ടെത്താൻ 26 ൽ നിന്ന് 17 കുറയ്ക്കണം. എങ്ങനെ കുറയ്ക്കും?
രീതി 1. എടുത്തു മാറ്റൽ
ടീച്ചർ കാണിച്ച ചിത്രത്തിൽ 26 പുലികളെ കണ്ടല്ലോ. പത്തുകളുടെ രണ്ട് കൂട്ടവും ഓരോന്നായി ആറ് പുലികളും. ആദ്യം 10 പുലികളെ എടുത്തു മാറ്റി. ഇപ്പോൾ 16 പുലികളുണ്ട്. അതിൽ നിന്ന് 7 പുലികളെക്കൂടി എടുത്തു മാറ്റി. ബാക്കിയുള്ളത് 9 ആണ്. അപ്പോൾ 26 - 17 = 9
രീതി 2. മനക്കണക്ക്
26 ൽ നിന്ന് 17 ആണല്ലോ കുറയ്ക്കേണ്ടത്. 26 ൽ നിന്ന് 10 കുറയ്ക്കാൻ എളുപ്പമാണ്. 26 ൽ നിന്ന് 10 കുറച്ചാൽ ബാക്കി 16. ഇനി 7 കൂടി കുറയ്ക്കണം. 16 ൽ നിന്ന് 6 കുറയ്ക്കാൻ എളുപ്പമാണ്. 16 ൽ നിന്ന് 6 കുറച്ചാൽ ഉത്തരം 10. ഇപ്പോൾ നമ്മൾ 26 ൽ നിന്ന് 16 കുറച്ചു. 10 ഉത്തരവും കിട്ടി. ഇനി 1 കൂടി കുറയ്ക്കണം. 10 ൽ നിന്ന് 1 കുറച്ചാൽ 9. അപ്പോൾ
26 - 17 = 9
ചോദ്യം 2
30 സിംഹങ്ങളിൽ നിന്നും 18 പേരെയാണ് കാവൽക്കാരായി തിരഞ്ഞെടുത്തത്. ബാക്കി എത്ര സിംഹങ്ങളുണ്ട്?
രീതി 1
30 ൽ നിന്ന് ആദ്യം 10 എടുത്തു മാറ്റണം. ബാക്കി 20. അതിൽ നിന്നും 8 കൂടി മാറ്റണം. ബാക്കി 12. അപ്പോൾ
30 - 18 = 12
രീതി 2
30 ൽ നിന്നും 20 കുറയ്ക്കാൻ എളുപ്പമാണ്. ബാക്കി 10. എന്നാൽ 18 ആണ് കുറയ്ക്കേണ്ടത്. അധികമായി കുറച്ച 2 നെ 10 ൻ്റ കൂടെ കൂട്ടിയാൽ പോരേ? അപ്പോൾ 12 കിട്ടും.
30 - 18 = 12
വ്യവകലന ക്രീയ ചെയ്യുന്നതെങ്ങനെയെന്ന് ടീച്ചർ തുടർന്നുള്ള ക്ലാസ്സുകളിൽ വിശദമായി പഠിപ്പിക്കും.
ഇന്ന് നിങ്ങൾ പാഠപുസ്തകത്തിലെ ചെറുതിൽ നിന്ന് വലുതിലേക്ക് എഴുതാനുള്ള 'കണക്കെടുപ്പ്' എന്ന പ്രവർത്തനം ചെയ്യണം. വർക്ക് ഷീറ്റ് അയച്ചു തരും.
Your Class Teacher