ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
പൂക്കൾ തേടി
ഈ യൂണിറ്റിലെ അവസാനത്തെ ക്ലാസ്സ് ആണ് ഇന്നത്തേത്. ശ്രീനേഷ് മാഷ് പറഞ്ഞതു പോലെ എല്ലാവരും 2021 ലെ കലണ്ടറുമായിട്ടാണ് ക്ലാസ്സ് കണ്ടതെന്നു കരുതുന്നു.
കലണ്ടർ കണക്കുകൾ
കേശൻ സിംഹത്തിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പിറന്നാൾ കേക്ക് മുറിക്കുന്ന രംഗമാണ് നമ്മൾ ആദ്യം കണ്ടത്. 2021 ജനുവരി 13 ന് രാജാവിന് 50 വയസ്സ് തികഞ്ഞു.
- ജനുവരി 13 ഏത് ദിവസമാണ്?
ബുധനാഴ്ച
- നിങ്ങളുടെ പിറന്നാൾ എന്നാണ് ?
- അത് ഏതു ദിവസമാണ്?
കലണ്ടർ നോക്കി കണ്ടെത്തി നോട്ട് ബുക്കിൽ എഴുതണേ. കൂടെ നിങ്ങളുടെ കൂട്ടുകാരുടെ പിറന്നാളും കണ്ടെത്തി എഴുതാം.
- കലണ്ടറിലെ മാസങ്ങൾ ഏതൊക്കെയാണ്?
ജനുവരി
ഫെബ്രുവരി
മാർച്ച്
ഏപ്രിൽ
മെയ്
ജൂൺ
ജൂലൈ
ഓഗസ്റ്റ്
സെപ്റ്റംബർ
ഒക്ടോബർ
നവംബർ
ഡിസംബർ
- ഒരു വർഷത്തിൽ എത്ര മാസങ്ങൾ ഉണ്ട്?
12 മാസങ്ങൾ
ഫെബ്രുവരി മാസം കാട്ടിൽ രണ്ട് വിശേഷങ്ങളാണുള്ളത് രാജാവിൻ്റെ പുത്രിയുടെ വിവാഹം, പിന്നെ സീബ്രക്കുട്ടൻ്റെ ബേക്കറിയുടെ ഉദ്ഘാടനവും. കിട്ടുക്കുരങ്ങൻ ഓരോ മാസത്തെയും വിശേഷങ്ങൾ പാട്ടായി എഴുതി തയ്യാറാക്കിയിട്ടുണ്ട്.
കലണ്ടർ പാട്ട്
ജനുവരി മാസം വന്നെത്തി
പുതു വർഷത്തിൻ ആഘോഷം
കൊട്ടാരത്തിൽ കല്യാണത്തിൻ
കോപ്പുകൾ കൂട്ടേണം - നമ്മൾ
ആർപ്പു വിളിക്കേണം!
ഫെബ്രുവരിക്കാ സീബ്രക്കുട്ടന്
ബേക്കറിയൊന്നു തുറക്കേണം
മാർച്ചിൽ മിന്നുത്തത്തയ്ക്കയ്യാ
മാന്തളിർ കൊത്തി മുറിക്കേണം
ഏപ്രിൽ മെയ്യിൽ വേനലിനൊപ്പം
കശപിശകൂടി നടക്കേണം
പഴുത്ത മാങ്ങകൾ ചപ്പിച്ചപ്പി
ആർപ്പു വിളിച്ചു നടക്കേണം
ജൂൺ മാസത്തിൽ മഴയുടെ വരവിനു
കാത്തു കരുതിയിരിക്കേണം
ജൂലൈ എത്തിയാൽ മയിലമ്മയുടെ
ജുവലറി ഒന്നു തുറക്കേണം
ഓഗസ്റൈത്തും നേരത്തയ്യാ
ഓണപ്പൂക്കൾ പറിക്കേണം
സെപ്റ്റംബറിലോ മലയുടെ ചെരിവിലെ
മാളിക കാണാൻ പോകേണം
ഒക്ടോബറിനോടൊപ്പം ചേർന്നാ
കന്നിക്കൊയ്ത്തിനു പോകേണം
നവംബറെത്തും നേരത്തയ്യാ
കൃഷിയിടമൊക്കെ ഒരുക്കേണം
ഡിസംബറെത്തും നേരത്തയ്യട
കുളിരു പുതച്ചു നടക്കേണം
ക്രിസ്മസ് സ്റ്റാറിൻ സന്തോഷത്തിൻ
പാട്ടുകൾ പാടേണം
നമ്മൾക്കാർപ്പു വിളിക്കേണം!
കലണ്ടർ നോക്കി കണ്ടെത്താം
- 2021 ഫെബ്രുവരി ഒന്നാം തിയ്യതി ഏത് ആഴ്ചയാണ്?
തിങ്കൾ
- ഫെബ്രുവരിയിൽ ആകെ എത്ര ദിവസമുണ്ട്?
28
- ഫെബ്രുവരിയിലെ അവസാന ദിവസം ഏതാഴ്ച?
ഞായർ
- രാജാവിൻ്റെ പുത്രിയുടെ വിവാഹം ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്. തിയ്യതി എത്രയാണ്?
14
- കലണ്ടറിലെ തിയതികളുടെ സവിശേഷതകൾ എന്തൊക്കെ?
വിലങ്ങനെ പോവുന്ന സംഖ്യകൾ 1 വീതം കൂടുന്നു. താഴോട്ട് 7 വീതം കൂടുന്നു. അതായത് ഒരു തിങ്കളാഴ്ച കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയാവാൻ 7 ദിവസം കഴിയണം.
- കല്യാണ ദിവസം മുതൽ അടുത്ത ശനിയാഴ്ച വരെ കാട്ടിൽ ഉത്സവമാണ്. ഏതൊക്കെ ദിവസമാണ് ഉത്സവം?
14 ഞായർ
15 തിങ്കൾ
16 ചൊവ്വ
17 ബുധൻ
18 വ്യാഴം
19 വെള്ളി
20 ശനി
- ഉത്സവം എത്ര ദിവസമാണ്?
7 ദിവസം
- ഒരു ആഴ്ച എത്ര ദിവസമാണ്?
7 ദിവസം
- ഫെബ്രുവരിയിലെ ഞായറാഴ്‌ചകൾ ഏതൊക്കെ?
7, 14, 21, 28
- ഫെബ്രുവരി മാസത്തെ തിങ്കളാഴ്‌ചകൾ ഏതൊക്കെ?
1, 8, 15, 22
- ഒരു മാസത്തിലെ ആദ്യത്തെ ശനിയാഴ്ച രണ്ടാം തിയ്യതിയായാൽ ആ മാസത്തിലെ മറ്റ് ശനിയാഴ്ചകൾ ഏതൊക്കെ തിയ്യതിയിലായിരിക്കും?
9, 16, 23, 30
സദ്യക്കണക്ക്
ഉത്സവത്തിന് സദ്യയൊരുക്കാൻ മൃഗങ്ങൾ പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടു വന്നിട്ടുണ്ട്.
ആന 35 തേങ്ങ
മാൻ 18 കൈതച്ചക്ക
കുതിര 27 കൈതച്ചക്ക
മുയൽ 42 പപ്പായ
കുറുക്കൻ 67 പപ്പായ
കുരങ്ങൻ 30 തേങ്ങ
- കൂടുതൽ തേങ്ങ കൊണ്ടുവന്നതാര്?
ആന
- എത്ര കൂടുതൽ?
5
- ആകെ എത്ര തേങ്ങ ?
35 + 30 = 65
- സദ്യക്ക് 55 തേങ്ങ ഉപയോഗിച്ചു. ബാക്കിയെത്ര?
65 - 55 = 10
- ആകെ എത്ര കൈതച്ചക്ക?
18 + 27 = 45
- 8 എണ്ണം ബാക്കി വന്നു. ഉപയോഗിച്ചതെത്ര ?
45 - 8 = 37
- 100 പപ്പായ ഉപയോഗിച്ചു. ബാക്കിയെത്ര?
ആകെ പപ്പായ 42 + 67 = 109
ബാക്കി 109 - 100 = 9
ഇവിടെ എഴുതിയ ഉത്തരങ്ങൾ ശരിയാണോയെന്ന് നിങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടു വേണം നോട്ട് ബുക്കിൽ എഴുതാൻ. പേജ് 91 ൽ ആണ് ഈ പ്രവർത്തനം ഉള്ളത്.
ഈ യൂണിറ്റിൽ പഠിച്ചത്
- മൂന്നക്ക സംഖ്യകൾ രൂപീകരിക്കാൻ
- മൂന്നക്ക സംഖ്യകൾ ആരോഹണ / അവരോഹണ ക്രമത്തിൽ എഴുതാൻ
- തുക കാണൽ
- സങ്കലന പട്ടികകൾ
- വ്യവകലനം
- സങ്കലനവും വ്യവകലനവും ഉൾപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ
- കലണ്ടർ നോക്കി മാസം, തിയ്യതി, ദിവസം ഇവ കണ്ടെത്താൻ
- കലണ്ടറിലെ പാറ്റേണുകൾ
Your Class Teacher