13/11/2020 Malayalam - 29.
ശുചീകരണ സാമഗ്രികൾ
ഓർമശക്തി പരീക്ഷിക്കാം
നിങ്ങളുടെ ഓർമശക്തി പരീക്ഷിക്കാനായി 18 സാധനങ്ങളാണ് സന്ധ്യ ടീച്ചർ കാണിച്ചു തന്നത്. അവയെല്ലാം ശരീരവും വീടും പരിസരവും ശുചിയാക്കാൻ ഉപയോഗിക്കുന്നവയാണ്. എല്ലാത്തിനേറെയും പേര് ഓർമിച്ചു പറയാൻ കഴിയുന്നുണ്ടോ?
ചൂല്
മോപ്പ്
സോപ്പുപൊടി
പാത്രം കഴുകുന്ന സോപ്പ്
അലക്കു സോപ്പ്
ടോയ്ലറ്റ് ക്ലീനർ
ലോഷൻ
പൊടിതട്ടി
ചവറു നീക്കി
ടോയ്ലറ്റ് ക്ലീനിങ്ങ് ബ്രഷ്
പാത്രം കഴുകുന്ന ബ്രഷ്
കുളിക്കുന്ന സോപ്പ്
ഷാമ്പൂ
ടൂത്ത് പേസ്റ്റ്
ടൂത്ത് ബ്രഷ്
മാവില
ഉമിക്കരി
ചവറു കോരി
എന്നിവയാണ് നമ്മൾ കണ്ടത്.
പല്ലുതേച്ചതെങ്ങനെ?
നിങ്ങൾ എങ്ങനെയാണ് പല്ലു തേയ്ക്കാറ്? ബ്രഷും ടൂത്ത് പേസ്റ്റും ഉപയോഗിച്ചാണ്, അല്ലേ? ചിലർ പല്ലു വൃത്തിയാക്കാൻ പൽപ്പൊടിയും ഉമിക്കരിയും മാവിലയുമൊക്കെ ഉപയോഗിക്കാറുണ്ട്. അച്ഛനോടും അമ്മയോടും അവരുടെ കുട്ടിക്കാലത്ത് പല്ലു തേച്ചത് എങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കൂ.
ബ്രഷ് വരയ്ക്കാം
ടൂത്ത് ബ്രഷ് വരയ്ക്കാൻ ഒന്നു ശ്രമിച്ചു നോക്കൂ. എളുപ്പമാണ്. കഴിയുന്നില്ലെങ്കിൽ മുമ്പിൽ എടുത്തു വെച്ച് നോക്കി വയ്ക്കൂ. നിറവും നൽകണേ.
പകരം പദം
പല്ലിനു പറയുന്ന വേറൊരു പേരാണ് ദന്തം. പല്ലുവേദന വന്നാൽ നമ്മൾ ദന്താശുപത്രിയിലാണ് പോകുന്നത്, അല്ലേ? പുതുതായി പഠിക്കുന്ന വാക്കുകൾ പദശേഖരത്തിൽ ചേർക്കണേ.
ഉപകരണങ്ങളും ഉപയോഗങ്ങളും
ചൂല് - ചപ്പുചവറുകൾ വൃത്തിയാക്കാൻ
ചവറു നീക്കി - മഴക്കാലത്ത് ചവറു നീക്കാൻ
പൊടിതട്ടി - പൊടി കളയാൻ
ഷാമ്പൂ, താളി - തല കഴുകാൻ
മോപ്പ് - നിലം തുടയ്ക്കാൻ
പല തരം സോപ്പുകൾ - കുളിക്കാൻ, വസ്ത്രം അലക്കാൻ, പാത്രം കഴുകാൻ
പണ്ട് സോപ്പിനു പകരം പയറുപൊടിയും കടലമാവും തേച്ചു കുളിക്കാൻ ഉപയോഗിച്ചിരുന്നു. ഷാമ്പൂവിനു പകരം ചെമ്പരത്തി താളിയും മറ്റുമാണ് മുടി കഴുകാൻ ഉപയോഗിച്ചിരുന്നത്.
തരം തിരിക്കാം
ഇനി നമുക്ക് ഈ ഉപകരണങ്ങളെ വ്യക്തി ശുചീകരണ ഉപകരണങ്ങൾ എന്നും പരിസര ശുചീകരണ ഉപകരണങ്ങൾ എന്നും രണ്ടായി തിരിച്ച് പട്ടികപ്പെടുത്തണം. വരയ്ക്കാൻ കഴിയുന്നവയുടെ ചിത്രം വരച്ച് അടിയിൽ പേരെഴുതാം. അല്ലാത്തവയുടെ പേരു മാത്രം എഴുതിയാൽ മതി.
ചൂലുണ്ടാക്കാം
എങ്ങനെയാണ് ഈർക്കിൽ കൊണ്ട് ചൂലുണ്ടാക്കുന്നതെന്നുള്ള വീഡിയോ കണ്ടില്ലേ? എല്ലാവരും ഇന്നു തന്നെ ശ്രമിച്ചു നോക്കൂ.
ചൂല് പറയുന്നു
എന്നുടെ പേര് ചൂലാണേ
ഇംഗ്ലീഷിൽ ഞാൻ ' ബ്രൂം '
നിങ്ങടെ വീടും ചുറ്റുപാടും
വൃത്തിയാക്കി തന്നീടും
ഞാൻ - വൃത്തിയാക്കി തന്നീടും!
പൊടിയും ചവറും നീക്കീടും ഞാൻ
ചെറു പ്രാണികളെ കൊന്നീടും
എല്ലാ വീട്ടിലും ഞാനുണ്ടേ
ഞാനൊരു വിരുതൻ ചൂലാണ്!
കടങ്കഥകൾ
1. ആയിരം പേർക്ക് ഒരു അരപ്പട്ട.
2. അവിടെയും വിരിഞ്ഞാടി, ഇവിടെയും വിരിഞ്ഞാടി, മൂലയിൽ ചാരി വിശ്രമിച്ചു.
രണ്ടു കടങ്കഥകളുടെയും ഉത്തരം ഒന്നു തന്നെയാണ്, അല്ലേ? ഇതുപോലെ ചൂലിനേക്കുറിച്ചോ മറ്റു ശുചീകരണ ഉപകരണങ്ങളെക്കുറിച്ചോ നിങ്ങൾക്കറിയാവുന്നവയും മുതിർന്നവർ പറഞ്ഞു തരുന്നവയുമായ കടങ്കഥകൾ ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ എഴുതി വെക്കണം. ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടുകയും വേണം.
ഇന്ന് ചൂലുണ്ടാക്കാൻ പഠിച്ചതു പോലെ അടുത്ത ക്ലാസ്സിൽ പൊടിതട്ടി ഉണ്ടാക്കാൻ പഠിക്കാം. അതിനായി കുറച്ച് പഴയ തുണികളും ഒരു വടിയും കത്രികയും കരുതണേ.
എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ ! ഒപ്പം ദീപാവലി ആശംസകളും !
Your Class Teacher