ആറു വയസ്സുള്ള സാവിത്രിക്കുട്ടി അച്ഛന്റെ കെ പിടിച്ചുവലിച്ച് ഉമ്മറത്തേക്ക് കൊണ്ടുവന്നു.
“പറയു അച്ഛാ... പറയൂ...''
അച്ഛൻ ഉമ്മറത്തെ ചാരുകസേരയിലിരുന്നു. സാവിത്രിക്കുട്ടി അക്ഷമയോടെ കാത്തുനിന്നു.
“വേലു''- അച്ഛൻ ആരംഭിച്ചു: “ഇതാ, ഈ കുട്ടിക്കേയ്, ഒരു വാശി! ഒരു കുട്ടിപ്പുര പണിയണമത്രേ!''
"കുട്ടിപ്പുര മാത്രം പോരാ, അതിൽ ആളുകളും വേണം''- അവൾ കൂട്ടിച്ചേർത്തു.
“ആണുങ്ങളോ പെണ്ണുങ്ങളോ?” വേലുവിന് സംശയമുണ്ടായി.
“പെണ്ണുങ്ങൾ, ഒക്കെ പെണ്ണുങ്ങൾ, മൂന്നു പെൺകുട്ടികൾ വേണം, പിന്നെ അച്ഛനും അമ്മയും.''
“ശരി''- വേലു സമ്മതിച്ചു.
“എന്നേക്ക് പണി തീരും?” സാവിത്രിക്കുട്ടിക്ക് അപ്പോഴേക്കും ധൃതിയായി.
“ഒരാഴ്ച, ഏറിയാൽ പത്തു ദിവസം.” - വേലു മാനത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു. പെരുമഴയാണ് വരുന്നത്. ഈ മഴക്കാലത്ത് മറ്റു പണികളൊന്നും ഉണ്ടാവില്ല. ഈ കുട്ടിപ്പുരയുടെ പണി കിട്ടിയത് നന്നായി.
സാവിത്രിക്കുട്ടി അന്നു രാത്രി ഉറങ്ങിയില്ല. വരാന്തയും രണ്ടു കിടപ്പറകളും ഊണുമുറിയും അടുക്കളയും കലവറയും കുളിമുറിയുമുള്ള സുന്ദരമായ ഒരു കുട്ടിപ്പുര- കണ്ണുമിഴിച്ചു കിടന്നു കൊണ്ടുതന്നെ അവൾ സ്വപ്നം കണ്ടു.
അവൾ തോർത്തുമുണ്ടെടുത്ത് സാരിയായി ധരിച്ചു. ആ കുട്ടിപ്പുരയിലെന്ന സങ്കൽപ്പത്തിൽ സ്വന്തം കിടപ്പറയിൽ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും നടന്നു.
പിറ്റേന്നു രാവിലെ സാവിത്രിക്കുട്ടി വേലുവിനെ കാത്തിരുന്നു. അയാൾ വന്നില്ല. അതിന്റെ പിറ്റേന്നും വന്നില്ല. സാവിത്രിക്കുട്ടി അച്ഛനോടു പരാതി പറഞ്ഞു.
“വേലുവിനുണ്ടോ വീടും കുടിയും?'' എവിടെച്ചെന്നിട്ടാണയാളെ തെരഞ്ഞുപിടിക്കുക?
സാവിത്രിക്കുട്ടി അപേക്ഷിച്ചപ്പോൾ വേലക്കാരൻ നാണു കൈമലർത്തി.
വീണ്ടുമൊരു പത്തു ദിവസം കൂടി കഴിഞ്ഞിട്ടേ വേലു വന്നുള്ളൂ. വന്നത് വലിയൊരു ഉന്തുവണ്ടിയും കൊണ്ടായിരുന്നു. ഉന്തുവണ്ടിയിൽനിന്ന് കുറേ തട്ടുമുട്ട് സാധനങ്ങൾ ഇറക്കി. അയാളത് കൂട്ടിച്ചേർത്തു. ഒരു കുട്ടിപ്പുര! സാവിത്രിക്കുട്ടി അന്തംവിട്ടു നിന്നു.
പുതിയ പദങ്ങൾ
# ഉമ്മറം - തിണ്ണ (മുൻവശത്തെ വാതിൽപ്പടിക്ക് പുറത്തുള്ള ഭാഗം)
# അക്ഷമ - ക്ഷമയില്ലായ്മ
# ധൃതി - തിടുക്കം
# ഏറിയാൽ - കൂടിയാൽ
# പെരുമഴ - വലിയ മഴ
# വരാന്ത - വീടിൻ്റെയോ കെട്ടിടങ്ങളുടെയൊ മുറികൾക്കു പുറത്ത് വശങ്ങളിലുള്ള വീതി കുറഞ്ഞ തിണ്ണ.
# കിടപ്പറ - കിടപ്പു മുറി
# കലവറ - സ്റ്റോർ റൂം
# പരാതി - ആക്ഷേപം
# അപേക്ഷിച്ചപ്പോൾ - വിനയത്തോടെ ആവശ്യപ്പെട്ടപ്പോൾ
# കൈ മലർത്തി - എനിക്ക് ഒന്നും ചെയ്യാനാവില്ല / എനിക്ക് അറിയില്ല എന്ന നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.
ഈ പാഠഭാഗത്ത് ആരൊക്കെയാണ് ഉള്ളത്?
സാവിത്രികുട്ടി
അച്ഛൻ
വേലു
വേലക്കാരൻ
സാവിത്രി കുട്ടിപ്പുരയിൽ എന്തെല്ലാം വേണമെന്നാണ് ആവശ്യപ്പെട്ടത്?
വരാന്ത
രണ്ടു കിടപ്പുമുറി
ഊണുമുറി
അടുക്കള
കലവറ
കുളുമുറി
കുട്ടിപ്പുരയിൽ ആരെല്ലാം വേണമെന്നാണ് അവൾ വേലുവിനോട് ആവശ്യപ്പെട്ടത്?
ആളുകൾ വേണം
മൂന്ന് പെൺകുട്ടികൾ വേണം
അച്ഛനും അമ്മയും വേണം