ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പഠനത്തിലെ വൈകല്യങ്ങൾ

Mashhari
0

ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ  ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.

ശാരീരിക പ്രശ്നങ്ങള്‍

കാഴ്ചശക്തിയും കേള്‍വിയും ഭാഗികമായി കുറവുള്ള കുട്ടികള്‍ക്കാണ് ഇങ്ങനെ പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാകുന്നത്. കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ ഈ വൈകല്യങ്ങളോടെ അവര്‍ വളരും. ഇവര്‍ മന്ദബുദ്ധികളായി, അല്ലെങ്കില്‍ മടിയന്മാരായി കരുതപ്പെടുന്നു. പക്ഷേ ഇത്തരം വൈകല്യങ്ങള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സകൊണ്ട് ഈ അവസ്ഥ കുറേയൊക്കെ പരിഹരിക്കാന്‍ കഴിയും.

ബുദ്ധിമാന്ദ്യം

ഇത് പല കുട്ടികളിലും നേരത്തേ കണ്ടെത്താറുണ്ട്. ഇവര്‍ ഇരിക്കാനും നില്‍ക്കാനും നടന്നു തുടങ്ങാനുമെല്ലാം വൈകുന്നു. ശരാശരിയില്‍ താഴെ മസ്തിഷ്കവളര്‍ച്ചയുള്ള ഈ കുട്ടികള്‍ക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും പ്രകടമാകും. അടങ്ങിയിരിക്കാന്‍ കഴിയായ്ക പ്രധാന ലക്ഷണമായ എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍)) എന്ന രോഗമുള്ളവരിലും വിദ്യാഭ്യാസം ഒരു പ്രശ്നമായിരിക്കും. ഈ കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ഏതാനും സെക്കന്റുകള്‍ക്കപ്പുറം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ല. ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാനുമാവില്ല. പഠനത്തില്‍ പിറകിലാകുമെന്നു മാത്രമല്ല, ക്ളാസ്സില്‍ ഇയാള്‍ ഒരു ശല്യക്കാരനുമാകും. ഇവര്‍ക്ക് സാധാരണയോ അതില്‍കൂടുതലോ ബുദ്ധിശക്തിയുണ്ടാകാം.

വൈകാരികപ്രശ്നങ്ങളും മനോരോഗങ്ങളും

ഉത്കണ്ഠ, ഭയം, വിരക്തി, അച്ചടക്കമില്ലാത്ത വിദ്യാലയാന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, അച്ഛനമ്മമാരെ പിരിയാനുള്ള ഭയം (separation anxiety),  സ്കൂളില്‍ പോകാന്‍ മടി, വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍,  വിഷാദരോഗം, ഉന്മാദരോഗം, പലതരം ഉത്കണ്ഠരോഗങ്ങള്‍  ഇവയൊക്കെ പഠനം മോശമാകാന്‍ കാരണമായേക്കാം.

പഠനവൈകല്യം (Learning Disability)

പഠനവൈകല്യം ഒരു പ്രത്യേക ആതുരാവസ്ഥയാണ്. ഇത് ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവേ  പറയുന്ന പേരാണ്. വിവിധ കഴിവുകള്‍ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഈ വൈകല്യമുള്ളവര്‍ക്കു കഴിയില്ല. വായനയിലെ വൈകല്യത്തെ ഡിസ് ലെക്സിയ (dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്കാല്‍ക്കുലിയ (dyscalculia) എന്നും പറയും.

ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് സാവധാനമേ പഠിക്കാനാകൂ. പക്ഷെ അവര്‍ക്ക് ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ പരാതി കുട്ടിക്ക് സ്പെല്ലിംഗ് വഴങ്ങുന്നില്ല, സ്പെല്ലിംഗ് മനഃപാഠം പഠിക്കുകയും ആവര്‍ത്തിച്ച് എഴുതി പഠിക്കുകയും ചെയ്തിട്ടും തെറ്റുകള്‍ വരുത്തുന്നു, എന്നൊക്കെയാണ്. ഇത്തരം കുട്ടികള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാകും. കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശയിലായിരിക്കും ഇവര്‍ .

പലപ്പോഴും ഇത്തരം വൈകല്യങ്ങള്‍ ആദ്യം കണ്ടുപിടിക്കുക അധ്യാപകരാണ്. ഒരു ക്ളാസ്സിലെ പല കുട്ടികളുടെ പഠനത്തിലെ കഴിവുകള്‍ താരതമ്യം ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഒന്നും രണ്ടും ക്ളാസ്സുകളില്‍ വായിക്കുക, എഴുതുക, സ്പെല്ലിംഗ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകള്‍ ശീലിക്കാന്‍ പൊതുവെ സാധാരണ കുട്ടികള്‍ക്കും പ്രയാസമുണ്ടാകും. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല്‍ കുട്ടികള്‍ ഇതില്‍ വൈദഗ്ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവില്‍ വൈദഗ്ധ്യം പോരെങ്കില്‍ അവന് പഠനവൈകല്യം ഉണ്ടെന്നു കരുതാം. സാധാരണ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയുടെ ക്ളാസ്സിലെ പ്രകടനം വളരെ മോശമാണെങ്കില്‍ പ്രശ്നം വൈകല്യമാണെന്നു കരുതാം. മൂര്‍ത്തമായ ചിന്തകളും ആശയങ്ങളും ഇവര്‍ക്ക് പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കില്ല. തന്മൂലം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനും അവര്‍ക്ക് കഴിയില്ല. ഏഴു വയസ്സു മുതല്‍ക്കാണ് ഇത്തരം വൈകല്യങ്ങള്‍ കുട്ടികളില്‍ പ്രകടമായി കാണാറുള്ളത്.

കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതുകൊണ്ടാണ് ഇവര്‍ പലപ്പോഴും അഞ്ച്, ആറ് ക്ളാസ്സുകള്‍ക്കുശേഷം  പഠനത്തില്‍ മോശമാവാന്‍ തുടങ്ങുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും ഇവരെ 'ഉഴപ്പന്മാ' രെന്നാവും വിളിക്കുക. ചെറിയ ക്ളാസ്സുകളില്‍ നല്ല മാര്‍ക്ക് വാങ്ങിയിരുന്ന കുട്ടി ഇപ്പോള്‍ പിന്നിലാവുന്നെങ്കില്‍ കാരണം മറ്റെന്താണ് എന്നാണ് അവരുടെ ചോദ്യം. കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ദിവസേനയുള്ള എഴുത്തുജോലികളില്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍ കാരണം ഇത്തരം കുട്ടികളുടെ ആത്മവിശ്വാസവും തന്നോടുതന്നെയുള്ള ബഹുമാനവും നഷ്ടപ്പെടും. തന്‍റെ കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശ മൂലം പലവിധ മാനസികരോഗങ്ങളും ഇവര്‍ക്കുണ്ടാകും.

വൈകല്യം വായനയില്‍ (Dyslexia)

       വായിക്കുന്നത് ഡിസ് ലെക്സിക് കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി മെല്ലെ അറച്ചറച്ചാവും അവന്‍റെ വായന. അക്ഷരങ്ങള്‍ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേര്‍ക്കുക, വിരാമചിഹ്നങ്ങള്‍ ശ്രദ്ധിക്കായ്ക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ഇവരുടെ പ്രത്യേകതകള്‍. ഉദാഹരണത്തിന് സമത്വം എന്ന പദം അവന്‍ സമാധാനം എന്നു വായിച്ചെന്നിരിക്കും. Proportion എന്ന പദം അവന് Portion ആവും. വരിയും വാക്കുകളും ഇവര്‍ക്ക് നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍ നേരത്തെ വായിച്ച വരികള്‍ വീണ്ടും വായിച്ചെന്നുവരും. ഇവര്‍ ഒരേ താളത്തില്‍ വായിക്കുകയാണ് പതിവ്.

വൈകല്യം എഴുത്തില്‍ (Dysgraphia)

ഇത്തരം കുട്ടികളുടെ പേടിസ്വപ്നമാണ് എഴുത്ത് . വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം,  വിചിത്രമായ രീതിയില്‍ പെന്‍സില്‍ പിടിക്കുക, വരികള്‍ക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങള്‍ ഇടാതിരിക്കുക, വലിയക്ഷരങ്ങള്‍, ദീര്‍ഘം, വള്ളി എന്നിവ വിട്ടുപോവുക എന്നിവയാണ് ലക്ഷണങ്ങള്‍ . ഡിസ്ഗ്രാഫിക് കുട്ടിക്ക് ക്ളാസ്നോട്ട്സ് പൂര്‍ണമായി  എഴുതാന്‍ കഴിയുകയില്ല. ബോര്‍ഡില്‍നിന്ന് പകര്‍ത്തുക  ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സ്പെല്ലിംഗും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും.

ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല.  b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw,  bad-നു പകരം dab എന്നിവ ഉദാരണം. ചിലര്‍ സ്വന്തമായി സ്പെല്ലിംഗ് ഉണ്ടാക്കാറുണ്ട്. Would-ന് wud എന്നും guess-ന് guss എന്നും എഴുതും. അക്ഷരങ്ങളുടെ ക്രമം തെറ്റി എഴുതുന്നവരാണ് ചിലര്‍ . Animal- ന് അവര്‍ aminal എന്നെഴുതിയെന്നുവരും.

വൈകല്യം കണക്കില്‍ (Dyscalculia)

ഇവര്‍ക്ക് എട്ടു വയസ്സിനു ശേഷവും കൈവിരലുകള്‍ ഉപയോഗിച്ചേ കണക്കുകൂട്ടാന്‍ കഴിയൂ. സങ്കലന, ഗുണന പട്ടികകള്‍ ഓര്‍ത്തുവെയ്ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. സംഖ്യകള്‍ ഇവര്‍ മറിച്ചാവും വായിക്കുക.  16 അവര്‍ക്ക് 61 ആയി മാറിപ്പോകും. 43-8 =43 എന്ന് അവര്‍ എഴുതിയെന്നുവരും. മുന്നില്‍ നിന്ന് എട്ടു കുറയ്ക്കാന്‍ പറ്റില്ല എന്നവര്‍ ചിന്തിക്കുകയില്ല. ഉത്തരക്കടലാസിന്‍റെ ഒരുഭാഗത്ത് ക്രിയചെയ്ത് ഉത്തരം 82496 എന്ന് കിട്ടിയാല്‍ എടുത്തെഴുതുമ്പോള്‍ 84269 എന്നായേക്കാം.
മറ്റു വൈകല്യങ്ങള്‍

അമൂര്‍ത്തമായ ആശയങ്ങള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവില്ലായ്മയാണ് മറ്റൊരു പ്രശ്നം. സമയം നോക്കിപ്പറയലാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുള്ള വേറൊരു കാര്യം. ടീച്ചറുടെ പേരോര്‍ക്കാനും ഭൂപടം ഉപയോഗിക്കാനും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഒന്നിലേറെ നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്‍കിയാല്‍ അതവര്‍ക്ക് മനസ്സിലാകില്ല. സ്വന്തം വിലാസവും ഫോണ്‍നമ്പറും പോലും ഇവര്‍ മറന്നെന്നുവരും. പക്ഷെ മറ്റുള്ളവര്‍ക്ക് ആവശ്യമെന്നു തോന്നാത്ത പല കാര്യങ്ങളും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇവര്‍ക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്തകവും പേനയും എപ്പോഴും നഷ്ടപ്പെടും. ഗൃഹപാഠം ചെയ്യാന്‍ മറന്നുപോകും. ഇവരുടെ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കും. പലപ്പോഴും ഷര്‍ട്ടിന്‍റെ ബട്ടന്‍ പോലും ഇവര്‍ നേരെ ഇടാറില്ല.

പഠനവൈകല്യങ്ങള്‍ക്കുള്ള കാരണങ്ങള്‍

ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. തന്മൂലം അതിന്‍റെ പ്രവര്‍ത്തനം പ്രത്യേക രീതിയിലാവുന്നു. ജനിതകപരവും പരിസ്ഥിതിപരവുമായ കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. 85 ശതമാനം ലേണിംഗ് ഡിസെബിലിറ്റി രോഗികളുടെയും അടുത്ത ബന്ധുക്കള്‍ക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികളിലാണ് ഈ വൈകല്യം കൂടുതല്‍ (സ്ത്രീപുരുഷ അനുപാതം 3:1).  തലച്ചോറില്‍ അപകടവും രോഗവും  കൊണ്ട് ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും പഠനവൈകല്യങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാലത്തും പ്രസവകാലത്തും പ്രസവിച്ചതിനു തൊട്ടുപിമ്പേയുമുള്ള വൈറസ് അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.

മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളുടെ പരസ്പരപൂരക പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മനസ്സിന്‍റെ എല്ലാ പ്രവര്‍ത്തനവും സാധ്യമാകുന്നത്. മസ്തിഷ്കത്തിന് രണ്ട് അര്‍ധഗോളങ്ങളുണ്ട്. ചിത്രരചനയും സംഗീതവും പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലത്തേ അര്‍ധഗോളത്തിലാണ്.   യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അര്‍ധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേള്‍ക്കുകയും വഴിയുള്ള അപഗ്രഥനവും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇതേ അര്‍ധഗോളത്തിലാണ് നടക്കുന്നത്. കോര്‍പസ് കലോസം എന്ന ഭിത്തി വഴിയാണ് രണ്ട് അര്‍ധഗോളത്തില്‍നിന്നും ദൃശ്യവും ഗ്രാഹ്യവുമായ സന്ദേശങ്ങള്‍ വിവിധ ഭാഷാ കേന്ദ്രങ്ങളില്‍ നിന്ന് പരസ്പരം കൈമാറുന്നത്.  ഇതില്‍ പിഴവുകള്‍ വരുമ്പോഴാണ് പഠനവൈകല്യങ്ങള്‍ ഉണ്ടാകുന്നത്.

പഠനവൈകല്യങ്ങള്‍ എങ്ങനെ ചികിത്സിക്കാം?

സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അധ്യാപകര്‍, സ്പീച്ച് തെറാപ്പിസ്റ് എന്നിവരുള്‍പ്പെടുന്ന ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്നങ്ങളുടെ ചരിത്രം, അധ്യാപകരുടെ  വിശദമായ റിപ്പോര്‍ട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, മറ്റു കഴിവുകള്‍ എന്നിവയാണ് ആദ്യമായി നോക്കേണ്ട കാര്യങ്ങള്‍ . വായിക്കാനും സ്പെല്ലിംഗ് മനസ്സിലാക്കാനും കണക്കു കൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകള്‍ ഇതോടൊപ്പം അളക്കും. ദീര്‍ഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിന്‍റെ റിപ്പോര്‍ട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. റെമഡിയല്‍ എഡ്യൂക്കേഷനാണ് (തെറ്റുതിരുത്തല്‍ വിദ്യാഭ്യാസ ചികിത്സ) ഇതില്‍ പ്രധാനം.  ഇതില്‍ വൈദഗ്ധ്യം ലഭിച്ച അധ്യാപകര്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. ഇതിനു പുറമേ പഠനവൈകല്യം മൂലം മറ്റു മാനസികവിഷമങ്ങള്‍  ബാധിച്ചവരെ അതിനും ചികിത്സിക്കേണ്ടതായി വരും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അസുഖത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമുള്ള കൌണ്‍സലിങ്ങും ചികിത്സയില്‍ ഉള്‍പ്പെട്ടതാണ്.

ഇത്തരം കുട്ടികള്‍ക്ക് ഭാഷാവിഷയങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ സ്കൂളുകള്‍ തയ്യാറാകണം. ഒന്നിലധികം ഭാഷ പഠിക്കുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുക, എഴുത്തുപരീക്ഷയില്‍ കേട്ടെഴുത്തുകാരെ  ഉപയോഗിക്കാന്‍ ഇവരെ അനുവദിക്കുക എന്നിവയാണ് സര്‍ക്കാറില്‍ നിന്നും  ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ . ഇവരുടെ ആത്മവിശ്വാസവും സ്വയമുള്ള മതിപ്പും വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രമിക്കണം. കുട്ടിയുടെ പ്രകടനത്തെ കുറ്റപ്പെടുത്തരുത്. കുട്ടിക്ക്  കൂടുതല്‍ സ്നേഹവും പരിഗണനയും നല്‍കണം. അത് എഴുത്തുപരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് എന്ന് കുട്ടിക്ക് തോന്നുകയുമരുത്. ഈ കുട്ടികളുമായി ആത്മബന്ധം പുലര്‍ത്താന്‍ അധ്യാപകനു കഴിയണം. കുട്ടിയുടെ പ്രകടനം മോശമായാലും അവന്‍റെ പ്രയത്നത്തെ പ്രശംസിക്കുക, ക്ളാസ്സില്‍ ഉറക്കെ വായിപ്പിക്കാതിരിക്കുക,  അവന്‍റെ കഴിവുകള്‍ കണ്ടെത്തി അവ വികസിപ്പിക്കുക എന്നിവയാണ് മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ .

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !